പാറയ്ക്കിടയില് വീണ മൊബൈല് എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തലകീഴായി വിടവില്‍ കുടുങ്ങി ; ഏഴ് മണിക്കൂര്‍ പരിശ്രമത്തിനോടുവില്‍ പുറത്തേക്ക്
കന്ബെറ: പാറയ്ക്കിടയില് വീണ മൊബൈല് എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തലകീഴായി കുടുങ്ങി . ഓസ്ട്രേലിയന് സ്വദേശിനിയായ മാറ്റില്ഡ കാംപ്ബെലാണ് പാറയ്ക്കിടയില് തലകീഴായി കുടുങ്ങിയത്.
ന്യൂ സൗത്ത് വേല്സിലെ ഹണ്ടര് വാലിയില് ഒക്ടോബര് പന്ത്രണ്ടിനാണ് സംഭവം നടന്നത്തെങ്കിലും ഇപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.
കൂട്ടുക്കാരോടോപ്പം ഹണ്ടര് വാലിയില് എത്തിയതായിരുന്നു മാറ്റില്ഡ. ഇതിനിടെയാണ് മൊബൈല് പാറക്കെട്ടുകള്ക്കിടയിലെ മൂന്ന് മീറ്റര് താഴ്ച്ചയിലേക്ക് വീണു പോയത്. മൊബൈല് എടുക്കാൻ ശ്രമിക്കുന്നതിനിടയില്‍ മാറ്റില്ഡ വിടവില് കുടുങ്ങി. തല താഴെയും കാല് ഭാഗം മുകളിലുമെന്ന നിലയില്‍ അകപ്പെടുകയായിരുന്നു. സുഹൃത്തുക്കള് മാറ്റില്ഡയെ മുകളിലേക്ക് ഉയര്ത്താന് ശ്രമം വിജയിച്ചില്ല. തുടര്ന്ന് എമര്ജന്സി സര്വീസില് വിവരമറിയിക്കുകയും ഒരു മണിക്കൂറിനുള്ളില് എമര്ജന്സി സര്വീസ് സംഘം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ പൊലിസും മെഡിക്കല് സംഘവും കൂടി സ്ഥലത്തേയ്ക്ക് എത്തിച്ചേർന്നു.
തലകീഴായാണ് മാറ്റില്ഡ പാറ വിടവിലേക്ക് വീണത് എന്നതുകൊണ്ട് രക്ഷാപ്രവര്ത്തനം വെല്ലുവിളിയായി. അതിന് പുറമേ വലിയ പാറക്കല്ലുകളും രക്ഷാപ്രവര്ത്തനത്തിന് തടസമായി നില്‍ക്കുകയായിരുന്നു. ഏഴ് മണിക്കൂര് നീണ്ട പരിശ്രമത്തിലൂടെയാണ് മാറ്റില്ഡയെ പുറത്തെടുത്തത്. തന്റെ ജീവന് രക്ഷിച്ചവര്ക്ക് മാറ്റില്ഡ നന്ദി അറിയിച്ചു. അതേസമയം പാറയ്ക്കിടയില് നിന്നും മൊബൈല് ഫോണ് പുറത്തെടുക്കാന് സാധിച്ചില്ലെന്നും മാറ്റില്ഡ പറഞ്ഞു.