ഇന്ന് നിരവധി രാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് ജനസംഖ്യ കുറയുന്നതാണ്. ലോകമെമ്ബാടും ഈ പ്രവണത കൂടുവരികയാണെന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഈ നൂറ്റാണ്ടിന്റെ പകുതി പിന്നിടുമ്ബോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായേക്കുമെന്നതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏഷ്യയില്‍ ദക്ഷിണ കൊറിയ, ചൈന പോലുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ ഈ പ്രതിസന്ധി നേരിട്ട് തുടങ്ങി. നല്ലൊരു വിഭാഗം ജനങ്ങളും പ്രായമായവരായി മാറുന്നുവെന്നതാണ് വെല്ലുവിളി.
സമാനമായ വാര്‍ത്ത തന്നെയാണ് സാമ്ബത്തിക ശക്തിയായ ജപ്പാനില്‍ നിന്നും പുറത്തുവരുന്നത്. 2005ന് ശേഷം ജനിച്ച 33.4 ശതമാനം പെണ്‍കുട്ടികളും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയേക്കില്ലെന്നാണ് രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനം (ഐ.പി.എസ്.എസ്.) നടത്തിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. മോശം സാമ്ബത്തികസ്ഥിതിയും വൈകിയുള്ള വിവാഹവുമെല്ലാം ഇതിന് കാരണങ്ങളാണെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
മറ്റു ലോകരാജ്യങ്ങളെപ്പോലെ ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള ധനസഹായങ്ങള്‍ ജപ്പാനും അവതരിപ്പിച്ചിട്ടുണ്ട്. മൂന്നോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് വലിയ സാമ്ബത്തികസഹായം നല്‍കി പ്രതിസന്ധിയെ നേരിടുമെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡ ജൂണില്‍ വാഗ്ദാനം ചെയ്തിരുന്നു. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ജപ്പാനിലും ജാപ്പനീസ് പ്രവാസികള്‍ക്കും ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം ഒരു വര്‍ഷം മുമ്ബുള്ളതിനേക്കാള്‍ 3.6 ശതമാനം കുറഞ്ഞ് 371,052 ആയിരിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കുട്ടികള്‍ വേണ്ട എന്ന് നിരവധി സ്ത്രീകള്‍ തീരുമാനമെടുത്തതിന് പിന്നില്‍ ഒന്നിലധികം കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വര്‍ദ്ധിച്ചുവരുന്ന ജീവിത ചെലവാണ് ഇതിലൊന്ന്. കുഞ്ഞുങ്ങള്‍ക്കൂടി ആകുമ്ബോള്‍ ഉണ്ടായേക്കാവുന്ന ചെലവിലെ വര്‍ദ്ധനവ് യുവതികളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഈ പ്രതിസന്ധി പെട്ടെന്നൊരു സുപ്രഭാതത്തില്‍ ആരംഭിച്ചതല്ലെന്നും ജപ്പാനില്‍ ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയിട്ട് 40 വര്‍ഷത്തോളമായെന്നും കണക്കുകളില്‍ വ്യക്തം.
ഇപ്പോൾ ഗർഭകാലവും പ്രസവുമെല്ലാം വലിയ രോഗങ്ങളായി ചിത്രീകരിക്കുകയും ചികിത്സയ്ക്കുവേണ്ടി വലിയ പണം ആവശ്യമായി വരികയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഗർഭിണിയായി പ്രസവിക്കുക എന്നത് ചെലവേറിയ ഒരു കാര്യമായി മാറ്റിയിട്ടുണ്ട്. ചില ഹോസ്പിറ്റലുകളിൽ പണത്തിനോടുള്ള ആർത്തികൊണ്ട്മാത്രം സിസേറിയൻ അധികരിക്കുന്നു.
വൈകിയുള്ള വിവാഹവും കുട്ടികള്‍ കുറയുന്നതിന് ഒരു കാരണമാണ്. 30കളുടെ മദ്ധ്യത്തില്‍ വിവാഹം കഴിക്കുന്നവരുടെ എണ്ണം ജപ്പാനില്‍ വര്‍ദ്ധിക്കുന്നുണ്ട്. 2020ല്‍ ജപ്പാനില്‍ സ്ത്രീകളുടെ ശരാശരി വിവാഹപ്രായം 29 വയസ്സായിരുന്നു. ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഒരു കുട്ടിയാണെങ്കില്‍ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കുറച്ചുകൂടി എളുപ്പമാണെന്ന് ചിന്തിക്കുന്നവരാണ് കൂടുതല്‍. എന്നാല്‍ 2005ന് ശേഷം ജനിച്ചവര്‍ക്ക് ഒരു കുട്ടിയെ പോലും വേണ്ട എന്ന നിലയിലാണ് ചിന്ത.
കുട്ടികളുടെ പഠനച്ചെലവും ഒരു കാരണമാണ്. 2020ലെ സെന്‍സെസ് പ്രകാരം 12.45 കോടിയാണ് ജപ്പാനിലെ ജനസംഖ്യം. 2065 ആകുമ്ബോഴേക്കും ഇത് 8.8 കോടിയാവുമെന്നാണ് കണക്കുകൂട്ടല്‍.