അമേരിക്കയിലെ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കേന്ദ്രം പറയുന്നതനുസരിച്ച് മുതിര്‍ന്നൊരാള്‍ ആഴ്ചയിലൊരിക്കല്‍ 150 മിനുറ്റെങ്കിലും ശാരീരിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടണം.
ആഴ്ചയില്‍ അഞ്ച് ദിവസം 30 മിനിറ്റ് നടന്നാല്‍ ഈ ലക്ഷ്യത്തിലേക്ക് എത്താവുന്നതേയുള്ളു. എന്നാല്‍ നടത്തമല്ലേ, അതിന് വലിയ ശ്രദ്ധ നല്‍കേണ്ടതില്ലെന്ന് കരുതിയാല്‍ പണി പാളും. ആളുകള്‍ നടക്കുമ്ബോള്‍ ശ്രദ്ധിക്കാത്ത പ്രധാനപ്പെട്ട ചില തെറ്റുകളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
നടക്കുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ നോക്കുകയോ, വീഡിയോകള്‍ കാണുകയോ ചെയ്യുന്നതിലൂടെ ചുറ്റുപാടുകളെ കുറിച്ച് ശ്രദ്ധയില്ലാത്തവരായി നിങ്ങള്‍ മാറും. ഇത് അപകടമുണ്ടാക്കാനിടയാകും. നടത്തത്തിനിടയില്‍ മൊബൈലുകള്‍ നോക്കുന്നത് ബാലന്‍സ് തെറ്റാന്‍ കാരണമാകുകയും നടത്തത്തിന്റെ രീതി വരെ വ്യത്യസ്തമാകാനിടയാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ നടത്തത്തിനിടയില്‍ ഫോണ്‍ മാറ്റി വെക്കാന്‍ ശ്രമിക്കുക.
തെറ്റായ ചെരുപ്പോ, ഷൂസോ ധരിക്കുന്നത് കാലുകള്‍ക്കടിയില്‍ കുമിളകള്‍ വരുന്നതിനോ കാല്‍വേദനയുണ്ടാകുന്നതിനോ കാരണമാകുന്നു. കാലിന്റെ സന്ധികള്‍ക്ക് വരെ പ്രശ്‌നം വരാം. നടക്കുമ്ബോള്‍ അനുയോജ്യമായ ചെരുപ്പുകള്‍ ധരിക്കാന്‍ ശ്രമിക്കുക. ചൂടുള്ള കാലാവസ്ഥയിലോ, കൂടുതല്‍ നേരമോ നടക്കേണ്ടി വരുമ്ബോള്‍ പെട്ടെന്ന് നിര്‍ജലീകരണം സംഭവിക്കും. ഇത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. ശരീരത്തിലെ ജലത്തിന്റെ അംശം കുറയുന്നത് രക്തയോട്ടം കുറയ്ക്കുകയും ചെയ്യുന്നു. ഈ അവസ്ഥയില്ലാതാക്കാന്‍ നടത്തത്തിന് മുമ്ബും ശേഷവും നന്നായി വെള്ളം കുടിക്കുക. എപ്പോഴും കുപ്പിവെള്ളം കയ്യില്‍ കരുതുന്നത് നല്ലതാണ്.
കാല് വലിച്ച് നടക്കുക, കുനിഞ്ഞ് നടക്കുക തുടങ്ങിയ രീതികള്‍ കാര്യക്ഷമത കുറയ്ക്കുന്നു. മുന്നോട്ട് ചാഞ്ഞ് നടക്കുന്നതും നടുവിനും കാല്‍ മുട്ടുകള്‍ക്കും പ്രയാസമുണ്ടാക്കും. തോളുകള്‍ നിവര്‍ത്തി പുറകോട്ട് നിവര്‍ന്നുനില്‍ക്കുന്ന രീതിയില്‍ മുന്നിലേക്ക് നോക്കി നടക്കാന്‍ ശ്രമിക്കുക.