തിരൂരില് കുരങ്ങന്‍ യുവാവിന്റെ ഫോണ്‍ തട്ടിയെടുത്ത് കോള്‍ അറ്റന്‍ഡ് ചെയ്തു; മണിക്കൂറുകള്‍ക്കു ശേഷം ഫോണ്‍ തിരികെ ലഭിച്ചു
സാധാരണ കുരങ്ങുകള് മനുഷ്യരെ കാണുമ്ബോള് കൈകളില് എന്തെങ്കിലും ഉണ്ടെങ്കില് അത് കൊണ്ടുപോകുന്നതും ഭക്ഷണം തട്ടിപ്പറിച്ചു കൊണ്ടുപോകുന്നതുമൊക്കെ നമ്മള് കാണുന്നതാണ്.
കുരങ്ങന് ഇപ്പോള് വേണ്ടത് ഇതൊന്നുമല്ല. നമ്മുടെ കൈയിലെ മൊബൈല് ഫോണും വേണം ഇവര്ക്ക്. ഇത്തരത്തിലുളള രസകരവും ആശ്ചര്യവും നിറഞ്ഞ ഒരു കാഴ്ചയാണ് തിരൂരില് കുറച്ചു ദിവസങ്ങള്ക്ക് മുമ്ബ് സംഭവിച്ചത്.
മലപ്പുറം തിരൂരില് ഒരു കുരങ്ങന് യുവാവിന്റെ മൊബൈല് ഫോണ് അടിച്ചുമാറ്റുകയായിരുന്നു. തിരൂരിലെ സംഗമം റസിഡന്ന്സിയുടെ മുകള് നിലയില് അലൂമിനിയം ഫാബ്രിക്കേഷന് ജോലിക്ക് വന്ന ആളുടെ മൊബൈല് ഫോണാണ് കുരങ്ങന് എടുത്തോണ്ട് പോയത്.
ഷീറ്റിനു മുകളില് ഫോണ്വച്ച് ജോലി ചെയ്യുകയായിരുന്നു യുവാവ്. നിമിഷനേരം കൊണ്ട് ഫോണ് കൈക്കലാക്കിയ കുരങ്ങന് ഫോണുമായി തെങ്ങിലേക്ക് കയറിപ്പോയി. ഇതോടെ കുരങ്ങനില് നിന്നു ഫോണ് തിരിച്ചുപിടിക്കാനായി നാട്ടുകാരും ഒപ്പം ചേര്ന്നു. ഇതോടെ ബഹളവും ആളുകളുടെ കല്ലേറുമായി. പൊറുതിമുട്ടിയ കുരങ്ങന് ഫോണുമായി കവുങ്ങിലേക്ക് കയറിപ്പോയി.
അപ്പോഴാണ് ഫോണിലേക്ക് ഒരു കോള് വരുന്നത്. എന്നാല് ഈ ശബ്ദം കേള്ക്കുന്നതോടെ ഫോണ് താഴെയിടുമെന്ന് എല്ലാവരും ധരിച്ചു. എന്നാല് കോള് അറ്റന്ഡ് ചെയ്ത് ഫോണ് ചെവിയില് വയ്ക്കുകയായിരുന്നു കുരങ്ങന്. ഇതുകണ്ട് ആളുകള്ക്ക് കൗതുകമായി. മണിക്കൂറുകള് കഴിഞ്ഞതിനുശേഷം മറ്റൊരു കവുങ്ങിലേക്ക് ചാടുന്നതിനിടയില് ഫോണ് കുരങ്ങന്റെ കൈയില് നിന്നും താഴേക്കു വീണു. ഇതോടെ യുവാവിന് ഫോണ് തിരിച്ചു കിട്ടി.