കുറഞ്ഞത് 10 മരണങ്ങളെങ്കിലും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. തീപിടിത്തത്തില്‍ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ നശിച്ചു. തീപിടിച്ച കെട്ടിടങ്ങളും കത്തിനശിച്ച വാഹനങ്ങളും അഗ്നിശമന സേനാംഗങ്ങള്‍ ജീവൻ പണയം വെച്ച് നടത്തുന്ന രക്ഷാപ്രവർത്തനങ്ങളും കാണിക്കുന്ന ഹൃദയഭേദകമായ നിരവധി വീഡിയോകള്‍ ഇതിനോടൊപ്പം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഇൻസ്റ്റാഗ്രാമില്‍ ശ്രദ്ധ നേടിയ ഒരു വീഡിയോ ഒരു ആഡംബര മാളിക പൂർണ്ണമായും തീ വിഴുങ്ങി നില്‍ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ്.
ഈ ആഡംബര മാളിക 35 മില്യണ്‍ ഡോളറിന് അതായത് ഏകദേശം 300 കോടി രൂപയ്ക്ക് യുഎസ് ആസ്ഥാനമായുള്ള പ്രശസ്തമായ റിയല്‍ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമായ സില്ലോയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. കെട്ടിടം കത്തി നശിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഏറെ ദൂരെ നിന്ന് റെക്കോർഡ് ചെയ്തതാണ്. തീനാളങ്ങള്‍ വീടിനെ പൂർണമായും വിഴുങ്ങിയ നിലയിലാണ് ദൃശ്യങ്ങളില്‍ കാണാൻ കഴിയുന്നത്. വീഡിയോ ചിത്രീകരിക്കുന്ന വ്യക്തി പശ്ചാത്തലത്തില്‍ 'ദൈവമേ, ആ വീട് നോക്കൂ,' എന്ന് പറയുന്നത് കേള്‍ക്കാം. ലോസ് ഏഞ്ചല്‍സ് കാട്ടുതീയുടെ വിനാശകരമായ യാഥാർത്ഥ്യത്തിന്‍റെ ഒരു ഭീകരമായ ചിത്രമാണ് ഈ വീഡിയോ തുറന്നു കാണിക്കുന്നത്.
പസഫിക് പാലിസേഡില്‍ ആരംഭിച്ച തീ പസഫിക് കോസ്റ്റ് ഹൈവേയിലെ മാലിബു ഭാഗത്തേക്ക് അതിവേഗം പടരുകയായിരുന്നു എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്,
പതിനായിരക്കണക്കിന് ആളുകള്‍ ഇപ്പോള്‍ തന്നെ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിക്കഴിഞ്ഞു. മാൻഡി മൂർ, ആന്‍റണി ഹോപ്കിൻസ്, മാർക്ക് ഹാമില്‍, ജാമി ലീ കർട്ടിസ്, പാരീസ് ഹില്‍ട്ടണ്‍ തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ക്ക് തീപിടുത്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടതായാണ് പുറത്തു വരുന്ന റിപ്പോർട്ട്. വരണ്ട കാലാവസ്ഥയും മഴയുടെ അഭാവവും മണിക്കൂറില്‍ 99 മൈല്‍ വേഗതയില്‍ വീശുന്ന ശക്തമായ കാറ്റുമാണ് കാട്ടുതീക്ക് ആക്കം കൂട്ടിയത്.