തണ്ണിമത്തനോ ജ്യൂസുകളോ അല്ല , വേനല്‍ക്കാലത്ത് ജനങ്ങള്‍ക്ക് പ്രിയം മറ്റൊന്ന്, ഒന്നിന് വില 50 രൂപവരെ, പക്ഷേ സാധനം കിട്ടാനില്ല
പാലക്കാട്: കനത്ത വേനലിന് കുളിർമയേകി കഴിഞ്ഞ രണ്ടുദിവസമായി മഴപെയ്തെങ്കിലും ചൂടിന് കുറവൊന്നുമില്ല. ഇതോടെ ദാഹം ശമിപ്പിക്കാൻ നെട്ടോട്ടമോടുകാണ് ജനം.
തണ്ണിമത്തൻ, നൊങ്ക്, വിവിധ തരം ജ്യൂസുകളുമുണ്ടെങ്കിലും ആളുകള്‍ക്ക് പ്രിയം ഇളനീരാണ്. എന്നാല്‍, ആവശ്യത്തിന് ഇളനീർ കിട്ടാനില്ലാത്തത് പ്രതിസന്ധിയാകുന്നതായി കച്ചവടക്കാർ പറയുന്നു. ഡിസംബർ, ജനുവരി മാസങ്ങളില്‍ ഒരു ഇളനീരിന് 40 രൂപയായിരുന്നത് ഫെബ്രുവരിയായതോടെ പത്തു രൂപ വർദ്ധിച്ച് ഹാഫ് സെഞ്ച്വറി തൊട്ടിരുന്നു. മാർച്ച് ആരംഭിച്ചതോടെ അത് 60 ലേക്കും ഉയർന്നു. എന്നാല്‍ ഇളനീർ കിട്ടാനില്ലാത്തതിനാല്‍ പലപ്പോഴും കച്ചവടം ഒന്നിടവിട്ട ദിവസങ്ങളിലായെന്നു ചെറുകിട കച്ചവടക്കാർ പറയുന്നു. തേങ്ങയ്ക്കു വില വർദ്ധിച്ചതോടെ കർഷകർ കച്ചവടക്കാർക്ക് ഇളനീർ കൊടുക്കാതായതാണു പ്രതിസന്ധിക്കു കാരണം. തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെ ഇളനീരിന്റെ വരവ് ഗണ്യമായി കുറഞ്ഞു.
തേങ്ങയ്ക്ക് മികച്ച വില
തെങ്ങില്‍ നില്‍ക്കുന്ന തേങ്ങ ഒന്നിന് 28 രൂപയാണ് കച്ചവടക്കാർ നല്‍കുന്ന വില. തേങ്ങ പറിച്ച് കൊണ്ടുപോകുന്നതുള്‍പ്പെടെ ഒരു ചെലവും കർഷകൻ അറിയേണ്ടതില്ല. തേങ്ങ കിലോഗ്രാമിന് 65 മുതല്‍ 75 രൂപ വരെയാണു വിപണി വില. ഏറ്റവും മികച്ച വിലയാണ് ഇപ്പോള്‍ തേങ്ങയ്ക്കു ലഭിക്കുന്നത്. അതേസമയം ഇളനീരിനു 24 രൂപ മാത്രമാണു കർഷകനു ലഭിക്കുന്നത്. രണ്ടാഴ്ച അധികം നിർത്തിയാല്‍ 4 രൂപ അധികം ലഭിക്കുമെന്നതിനാല്‍ കർഷകർ ഇളനീർ കൊടുക്കാൻ മടിക്കുകയാണ്.
കഴിഞ്ഞമാസം വരെ ഒരു പിക്‌അപ് വാനില്‍ 3,000 ഇളനീർ വരെ കൊണ്ടുവന്നിരുന്നതാണ്. പലപ്പോഴും ഒന്നോ രണ്ടോ കർഷകരുടെ തോട്ടത്തില്‍ നിന്നുതന്നെ ഇത്രയും ഇളനീർ കിട്ടിയിരുന്നു. എന്നാല്‍ ഇന്ന് 1500 ഇളനീർ കിട്ടാൻ നാലും അഞ്ചും കർഷകരുടെ തോട്ടത്തില്‍ കയറിയിറങ്ങേണ്ട അവസ്ഥയാണ്. കൂടാതെ ചോദിക്കുന്ന തുക മുൻകൂറായി നല്‍കി തേങ്ങ കച്ചവടക്കാർ കർഷകരെ പിടിച്ചുവച്ചിരിക്കുന്ന സ്ഥിതിയാണ്.
ഇളനീരില്‍ വെള്ളത്തിന്റെ അളവ് കുറഞ്ഞു
നിലവില്‍ തമിഴ്നാട്ടിലെ ഉദുമല്‍പേട്ട, പൊള്ളാച്ചി എന്നിവിടങ്ങളിലെ ഉള്‍പ്രദേശങ്ങളിലുള്ള തോട്ടങ്ങളില്‍ നിന്നാണ് ഇളനീർ കൊണ്ടുവരുന്നത്. കൂടാതെ ചൂട് കൂടിയതോടെ ഇളനീരില്‍ വെള്ളത്തിന്റെ അളവും നല്ലപോലെ കുറഞ്ഞിട്ടുണ്ടെന്നാണു കച്ചവടക്കാർ പറയുന്നത്. മുൻപ് 400 മുതല്‍ 500 മില്ലി ലീറ്റർ വരെ വെള്ളമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 300 മില്ലി ലീറ്ററില്‍ താഴെയായി കുറഞ്ഞിട്ടുണ്ട്. ഇത് പലപ്പോഴും ഇളനീർ കുടിക്കാനെത്തുന്നവരെ നിരാശരാക്കുന്നുണ്ടെന്നും കച്ചവടക്കാർ പറയുന്നു.