ഗര്‍ഭപാത്രം നീക്കിയ ശസ്ത്രക്രിയക്ക് ശേഷം വീട്ടമ്മ മരിച്ചു; ചികിത്സാപിഴവെന്ന് കുടുംബം,മെഡിക്കല്‍ കോളേജിനെതിരെ പരാതി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി. ഗർഭപാത്രം നീക്കാൻ ശസ്ത്രക്രിയ നടത്തിയ പേരാമ്ബ്ര സ്വദേശി മരിച്ചു.
ചികിത്സ പിഴവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഇന്ന് പുലർച്ചെയാണ് പേരാമ്ബ്ര സ്വദേശിയായ അൻപത്തേഴുകാരി മരിച്ചത്. ഈ മാസം നാലിനാണ് ഇവരെ ഗര്‍ഭപാത്രം നീക്കാനുള്ള ശസ്ത്രക്രിയക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 7 ന് താക്കോല്‍ ദ്വാര ശസ്ത്രക്രിയ നടത്തി. ഇതിനിടെ കുടലിന് മുറിവേറ്റെന്നും വീണ്ടും പത്താം തിയതി ഒരു ശസ്ത്രക്രിയ കൂടി നടത്തിയെന്നും കുടുംബം പറയുന്നു. ശസ്ത്രക്രിയക്കിടെ കുടലിന് മുറിവേറ്റുവന്ന് ഡോക്ടര്‍മാര്‍ തന്നെയാണ് പറഞ്ഞതെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. ആരോഗ്യമന്ത്രിക്കും പരാതി നല്‍കും.
ശസ്ത്രക്രിയ സമയത്ത് ഗര്‍ഭാശയവും കുടലും തമ്മില്‍ ഒട്ടിച്ചേര്‍ന്ന ഭാഗം വിടര്‍ത്തുമ്ബോള്‍ വന്‍കുടലിന്‍റെ ഭാഗത്ത് ഒരു ക്ഷതം കണ്ടെത്തിയിരുന്നു. ആ ക്ഷതം തുന്നിച്ചേര്‍ത്തു. എന്നാല്‍ ലീക്ക് സംശയിച്ചതിനാലാണ് വീണ്ടും പത്താം തിയതി ശസ്ത്രക്രിയ നടത്തിയതെന്നാണ് മെഡിക്കല്‍ കോളേജിന്‍റെ വിശദീകരണം. രോഗിക്ക് എല്ലാ ഘട്ടങ്ങളിലും ആവശ്യമായ ചികിത്സ നല്‍കിയെന്നും മാതൃശിശു സംരക്ഷണ കേന്ദ്രം വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.