കോഴിക്കോട് അടിവാരത്ത് നിന്ന് വയനാട്ടിലെ ലക്കിടി വരെയാണ് റോപ്പ്‌വേ സ്ഥാപിക്കുക. 200 കോടി രൂപയുടെ പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.
പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സർക്കാർ കെഎസ്‌ഐഡിസിക്ക് (കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ) അനുമതി നല്‍കി. 3.67 കിലോമീറ്റർ ദൂരമാണ് പദ്ധതിയിലുള്ളത്. കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് യാത്ര ചെയ്യുന്നവർ നിലവില്‍ ഒമ്ബത് ഹെയർപിൻ വളവുകള്‍ പിന്നിടേണ്ടതുണ്ട്. സാധാരണ 30-40 മിനിറ്റ് സമയമാണ് ഈ ദൂരം പിന്നിടാന്‍ എടുക്കുന്നത്. എന്നാല്‍ കനത്ത ഗതാഗതക്കുരുക്ക് കാരണം ആളുകള്‍ മണിക്കൂറുകളോളം റോഡില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥ പതിവാണ്.
അടിവാരം മുതല്‍ ലക്കിടി വരെയുള്ള യാത്രാ സമയം റോപ്പ്‌വേ 15 മിനിറ്റായി കുറയ്ക്കുമെന്നാണ് വിലയിരുത്തുന്നത്. രണ്ട് ഹെക്ടർ വനഭൂമിയിലൂടെ കടന്നുപോകുന്ന റോപ്പ്‌വേ താമരശ്ശേരി ചുരത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനും യാത്രക്കാരെ അനുവദിക്കും. പദ്ധതിക്ക് വനം വകുപ്പിന്റെ അനുമതി ആവശ്യമുണ്ട്. അടിവാരത്തെ ആദ്യത്തെ ഹെയർപിൻ വളവിന് സമീപം ആരംഭിച്ച് ഒമ്ബതാം വളവിന് മുകളിലെ ലക്കിടിയില്‍ അവസാനിക്കുന്ന വിധത്തിലാണ് റോപ്പ്‌വേ വിഭാവനം ചെയ്തിരിക്കുന്നത്.
റോപ്‌വേയില്‍ 40 എസി കേബിള്‍ കാറുകള്‍ ഉണ്ടാകും, ഓരോന്നിലും 6-8 പേരെ ഉള്‍ക്കൊള്ളാൻ കഴിയും. അടിവാരത്തിനും ലക്കിടിക്കും ഇടയില്‍ റോപ്പ്‌വേയ്ക്കായി 40 ടവറുകളാണ് നിർമ്മിക്കേണ്ടത്. അടിയന്തര ഘട്ടങ്ങളില്‍ വയനാട്ടില്‍ നിന്ന് അടിവാരത്തേക്ക് രോഗികളെ എത്തിക്കുന്നതിന് ആംബുലൻസ് കേബിള്‍ കാർ സൗകര്യവും പദ്ധതിയുടെ ഭാഗമായി ഒരുക്കും.