ദിവസവും ബിസ്ക്കറ്റും ചോക്ലേറ്റും, കുട്ടികള്‍ക്ക് മധുരം നല്‍കുന്നതിന് മുന്‍പ് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍
വേനലവധി തുടങ്ങിയതോടെ കുട്ടികളുള്ള വീടുകളില്‍ നല്ല അരങ്ങാണ്. കുസൃതി കുറുമ്ബുകളുടെ പിന്നാലെ ഓടാൻ തന്നെ ആരെയെങ്കിലും പ്രത്യേകം നിർത്തണമല്ലേ.
ഈ ഓട്ടത്തിനിടെ അവർക്കു നല്‍കുന്ന ഭക്ഷണത്തിലും വേണം അല്‍പം ശ്രദ്ധ. കുട്ടികളെ സംബന്ധിച്ചിടത്തോളം, ഐസ്ക്രീം, ചോക്ലേറ്റ്, ജ്യൂസ്, ബിസ്കറ്റ്, കുക്കീസ് തുടങ്ങിയ ജങ്ക് ഷുഗർ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലാണ് അവരുടെ ആവേശം. ഇതിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയുടെ പാര്‍ശ്വഫലങ്ങളെ കുറിച്ച് അവര്‍ ബോധവാന്മാരിയിരിക്കണമെന്നില്ല.
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കുട്ടികളില്‍ പെട്ടെന്ന് ഊർജ്ജ നിലകളില്‍ വർധനവുണ്ടാക്കുന്നു. ഇത് കുട്ടികളെ ഹൈപ്പർ ആക്റ്റീവ് ആക്കും. പിന്നീട് അവരില്‍ ഇത് മാനസികാലസ്ഥയില്‍ മാറ്റം വരുത്താം. പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലാകട്ടെ കലോറിയുടെയും ആഡഡ് ഷുഗറിന്റെയും അളവു വളരെ അധികം കൂടുതലായിരിക്കും. അവധിക്കാലത്ത് മധുരത്തോട് നോ പറയാതെ തന്നെ കുട്ടികള്‍ക്ക് ഹെല്‍ത്തിയായ ഭക്ഷണം നല്‍കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ആരോഗ്യകരമായ മാറ്റങ്ങള്‍
പുറത്തുനിന്ന് വാങ്ങുന്ന പായ്ക്ക് ഫുഡിന് പകരം സീസണല്‍ ഫ്രൂട്സ് ആയ മധുരമുള്ള ചക്ക, മാങ്ങ പോലുള്ളവ നല്‍കാം. എനല്‍ജി ഡ്രിങ്കുകള്‍ക്ക് പകരം നാരങ്ങ വെള്ളമോ, കരിക്ക് അല്ലെങ്കില്‍ തേങ്ങ വെള്ളമോ കുട്ടികള്‍ക്ക് കൊടുത്ത് ശീലിക്കാം. ഐസ്ക്രീമിന് പകരം യോഗർട്ട്, പേസ്ട്രികള്‍ക്കും ഡോനട്ടുകള്‍ക്കും പകരം ഫ്രൂട്ട് കസ്റ്റാർഡ് പോലുള്ള വീട്ടില്‍ ഉണ്ടാക്കുന്ന പുഡ്ഡിംഗുകള്‍ കുട്ടികള്‍ക്ക് നല്‍കാം. ഉണക്കമുന്തിരി, ഈത്തപ്പഴം, നട്ട് ബട്ടർ, വാഴപ്പഴം തുടങ്ങിയവ കഴിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ഇത് കുട്ടികള്‍ക്ക് ജങ്ക് ഫുഡിനോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കും.
ലേബലുകള്‍ കൃത്യമായി വായിക്കുക
കുട്ടികളുടെ വാശിക്ക് വഴങ്ങി ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിന് പകരം കൃത്യമായി ലേബല്‍ വായിച്ചു പരിശോധിച്ച ശേഷം മാത്രം ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വാങ്ങുക. പലപ്പോഴും കുട്ടികളെ കബിളിപ്പിക്കുന്നതിന് പാക്കേജുകള്‍ ആകർഷകമായി കമ്ബനികള്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്താറുണ്ട്. അതില്‍ പെട്ടു പോകാതെ നോക്കാം.
പരിധി നിശ്ചയിക്കുക
മധുരം പൂർണമായും ഒഴിവാക്കുന്നതിന് പകരം ഒരു പരിധി നിശ്ചയിക്കുക എന്നതാണ് പ്രധാനം. കുട്ടികളുടെ പഞ്ചസാര അടങ്ങിയ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ എല്ലാ ദിവസവും നല്‍കുന്നതിന് പകരം പ്രത്യേകം അവസരങ്ങളില്‍ മാത്രമാക്കി ചുരുക്കുക. പേസ്ട്രികള്‍, ഡോനട്ടുകള്‍ പോലുള്ള ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ നല്‍കാം.
പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍
പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് പരിമിതപ്പെടുത്തണം. അനാവശ്യ പഞ്ചസാര ഉപഭോഗം കുറയ്ക്കുന്നതിന് വീട്ടില്‍ തന്നെ ഷേയ്ക്ക്, സ്മൂത്തി പോലുള്ളത് തയ്യാറാക്കി കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്.
കുട്ടികളെ ബോധവല്‍ക്കരിക്കുക
അമിതമായി പഞ്ചസാര ഉപയോഗത്തെക്കുറിച്ചും, അതുപോലെ തെറ്റായ ഭക്ഷണശീലങ്ങൾ കൊണ്ടുള്ള ദോഷവശങ്ങളെ കുറിച്ച് കുട്ടികളെ പറഞ്ഞു മനസിലാക്കുക. ഇത് പഞ്ചസാരയുടെ അമിത ഉപഭോഗം കുറയ്ക്കാൻ വളരെയധികം സഹായിക്കും. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ക്ക് പകരം ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാൻ മാതാപിതാക്കള്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം.